കൊഴിഞ്ഞാന്പാറ: പ്രകൃതിപാഠം ചിറ്റൂർ ബ്ലോക്ക്തല ആശയവിനിമയ സദസിന്റെ ഉദ്ഘാടനം വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
പ്രകൃതി വിഭവ സംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തും ഭുവിനിയോഗ വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
എരുത്തേന്പതി ഗ്രാമപഞ്ചായത്തിലെ വണ്ണാമടയിൽ പ്രമുഖ കർഷകനായ രഘുനാഥ ഗൗണ്ടറുടെ കൃഷിയിടത്തിലായിരുന്നു പരിപാടി. നൂറോളം കർഷകർ പരിപാടിയിൽ പങ്കെടുത്തു.
തുടർന്ന് പ്രകൃതി വിഭവ പരിപാലനം, കാലാവസ്ഥാ വ്യതിയാനം, മണ്ണുസംരക്ഷണം, രോഗകീട നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ, കർഷകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. സുജാത അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സിന്ധു, ചിറ്റൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി. വരുണ്‍, ഭൂവിനിയോഗ വകുപ്പ് ജോയിന്റ് ഡയറക്ടർ ടീന ഭാസ്കരൻ, ഭൂവിനിയോഗ കമ്മീഷണർ യാസ്മിൻ എൽ. റഷീദ് ,മണ്ണ് പര്യവേക്ഷണമണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. തോമസ് അനീഷ് ജോണ്സണ്, പട്ടാന്പി കാർഷിക ഗവേഷണ കേന്ദ്രം സോയിൽ സയൻസ് പ്രഫസർ ഡോ.വി. തുളസി, കീടശാസ്ത്രം പ്രഫസർ ഡോ. കെ. കാർത്തികേയൻ എന്നിവർ പങ്കെടുത്തു.